2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എന്റെ മാവേലി



നേരമധികം പുലരും മുന്‍പേ ;തോടികടന്നിട-
വഴിയിലേക്കുതിര്‍ന്നു വീണതാരാണ് ?
പൂത്തുബികളോടു ചോദിച്ചതും ;അവര്‍-
കാറ്റിനോടു പിണക്കമെന്നോതിയകന്നു .
കുറ്റിച്ചൂലുകൊണ്ട് അമ്മ കുറേനേരം കുത്തി
വിളിച്ചിട്ടും ചുരുണ്ടുകുടിത്തന്നെ
നെറ്റിയില്‍ പുക്കളപ്പൊട്ടിടാത്തതിന്റെ
പരിഭവംകാണും;മുറ്റം മോഹിച്ചിരുന്നുമില്ല .

ചെടികള്‍ മുന്‍പേ പറഞ്ഞിരുന്നത്രെ ?
ഞങ്ങളിനി പുഞ്ചിരിവിടര്‍ത്തുകയില്ലെന്ന് !
ചിരിമായും മുന്‍പേ, ഇറുത്തെടുത്തു കൊതി-
മാറിയില്ലേ;ഇനി പിഴുതെറിഞ്ഞാലും നാട്യമില്ല?

പിന്നില്‍ പുകപറത്താതെ കഴുത്തുനീട്ടി ചിമ്മിനി-
പിറു പിറുത്തെറിയുന്നത്‌ വീടിന്റെ വിഷമം;
കരിയില്‍ കുളിക്കാത്ത അടുപ്പുകല്ലിന്റെ നൊമ്പരം;
ഓര്‍മ്മകലുടെ വേരറുത്തതിനാല്‍,എത്ര എളുപ്പം

പറമ്പിലെ വാഴകള്‍ കൈകള്‍ നീട്ടിവിളിക്കുന്നു
ഈ കൈകള്‍ വെട്ടിയെടുക്കാന്‍ സമ്മതമത്രെ
ഇല്ല;നിങ്ങള്‍ക്കു നോവുമെന്നു കളവു പറഞ്ഞു
വഴിനോക്കി നടക്കാനോതി കരംകവര്‍ന്നെടുത്തതും
പിന്നോട്ട് നോക്കി മുന്നോട്ടു പിച്ചവെച്ചു വീണ്ടും

പുതുപുത്തന്‍ ചേലകള്‍ തിരുകി നിറവയറുമായ്
കടയുടെ വാതില്‍ തുറന്നു തന്ന ഓലക്കുടക്കാരന്‍-
കുടവയറന്‍ ബഹുകേമം "ദേ ഇതല്ലേ മാവേലി ? "
"ഇന്നാണു കുഞ്ഞേ ഓണം" നിര്‍വികാരം മാത്രം !
നോട്ടം ഇരുവശങ്ങളിലേക്കും ഉഴിഞ്ഞെറിഞ്ഞ്;
കുഞ്ഞുചൂണ്ടുവിരല്‍ അമ്മ പിടിച്ചുതാഴ്ത്തി.

പുസ്തകത്താളുകളിലെ ചില ചുക്കിച്ചുളുങ്ങിയ ചിത്രങ്ങള്‍...
പൂക്കളം,ഊഞ്ഞാല്‍,ഓണസദ്യ,ഓണപ്പുടവ,ഓണക്കളികള്‍.....

തിരികെ വരുമ്പോള്‍ മാവേലി സ്വകാര്യമോതി
"പുത്തനിട്ടിരിക്കണം" കുടവയര്‍ ഒന്നമര്‍ത്തി തിരുമ്മി
"ഇത് ഓണക്കളിയാണു കുഞ്ഞേ"
ഇന്നത്തെ അന്നമെന്നമ്മയുടെ ആത്മഗതവും

"ഇതാണോമ്മേ ഓണസദ്യ " നല്ല നനവ്‌
"വീടായവീടെല്ലാം കയറി ഓണമിങ്ങെത്തിയപ്പോഴേക്കും
നേരം വൈകിയതാ കുഞ്ഞേ; ഇത്ര രാത്രിയില്‍. . . . "
ചിലവരികള്‍ പൂര്‍ത്തിയാകാറില്ലല്ലോ . . . ?

ഇന്നും ഇരുളിലേക്കുതലപുഴ്ത്തി ഉണര്‍ന്നിരിക്കും
ഓണനിലാവു ചൂടിയ കറുത്തകുട മടക്കി
എന്റെ മാവേലി വരുന്നതും കാത്ത്

വിയര്‍ത്തൊലിച്ച വെയിലോട്ടിയ ഉടഞ്ഞ വയറ്‌
ഒരു പകലത്രയും എങ്ങനെ നിറച്ചുനിര്‍ത്തിയാണ്
അച്ഛന്‍ മാവേലിയാടിയാതെന്ന്‌ ഇന്നും . . .

"മുന്‍പേ അച്ഛനെയും ആരോ ചവുട്ടിതാഴ്ത്തിയിരുന്നത്രേ"
ഇരുളില്‍ നിന്ന് ഒരു നേര്‍ത്ത ഗദ്ഗതം ?
"അത് ആരും അറിയാത്ത രഹസ്യം "
അതോ അതായിരുന്നോ വിശപ്പും അന്നവും ?
-------------------------------------------------------------------

1 അഭിപ്രായം:

  1. പൂക്കാത്ത മരച്ചുവട്ടില്‍ കറുപ്പുടുത്തിരുന്ന മാവേലി പൊട്ടിക്കരയുന്നത്‌ കേള്‍ക്കാം

    മറുപടിഇല്ലാതാക്കൂ