2012, മാർച്ച് 23, വെള്ളിയാഴ്‌ച

നിറഭേദങ്ങള്‍

പ്രിയമുള്ളവളെ,
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെയിഷ്ടം.

ഇടനെഞ്ചു തുരന്നു ചങ്കു പിഴിഞ്ഞു
ഞാന്‍ കൊടുത്തത്
ഒരു കുമ്പിള്‍ ചോരയായിരുന്നു.

തീഷ്ണദൃഷ്ടിയെറിഞ്ഞു ധൃതിയില്‍
ചെഞ്ചായം കലക്കിയതിന്നെന്തിനാണെന്നും ?

പ്രക്ഷോഭമൊട്ടുമില്ലാതെ ഞാന്‍ വീണ്ടും കൊടുത്തു.
ഉണങ്ങിവരണ്ട നീരുവറ്റിയ ക്ഷിതഹൃദയം-
പറിച്ചെടുത്തു കൊടുക്കുമ്പോഴും
പിന്നെയും പുശ്ച്ഭാവം ?

ഇതു ഹൃദയമേയല്ല
ഹൃദയതിനു നിറമുണ്ടുപോലും ; പരിഷ്കൃത നിറം ?

നീ നിന്റെ ചിരിയുടെ നിറങ്ങലേറെ
തിരിച്ചറിയിച്ചതിനു നന്ദി.
പുഞ്ചിരിയുടെ മിന്നലേറ്റു പുളയുമ്പോള്‍
കറുത്ത കണ്ണടയില്ലാതെ
ചെറു കിനാവുപോലും കാണുവതെങ്ങനെ ഞാന്‍

ഇനി ആകാശത്തിന്നകലെ
മിന്നി മിന്നി കണ്‍ചിമ്മി
മഴവില്ലിനോട്‌ നിറം കടം വാങ്ങി
ഞാന്‍ കാത്തിരിക്കാം
ഉടുതുണിയും,ഉടലുമുരിഞ്ഞ്
ഈറനോടെ,നിറഭേദങ്ങളോടെ
നീ വരും വരേയ്ക്കും.

എങ്കിലും പ്രിയമുള്ളവളേ;
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെ ഭയം
തീ ഭയം !
------------------------------------------------------------------------------

കവിതയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക.